
ജീവിതത്തിലെ ഒത്തിരി നന്മനിറഞ്ഞ മൂഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷിയായ ചുമരുകളായിരിക്കും നമ്മുടെ പഴയ വീടുകള്‍. നമ്മുടെ ആഹ്ലാദത്തില്‍ പങ്കാളിയാകുന്ന കൂരകള്‍. പിന്നെ സങ്കടപ്പെടുത്തുവാനെന്തെങ്കിലും കടന്നു വന്നാലും വീടെന്ന മൂകസാന്നിധ്യം നമുക്ക് വേണ്ടി കരയും.എല്ലാ മനുഷ്യര്‍ക്കും പെറ്റമ്മയെ പോലെ പിറന്ന വീടും മധുരിക്കുന്ന സ്നേഹ സാന്നിധ്യമായിരിക്കും. അഛന്റെ , മുത്തശ്ശന്റെ വിയര്‍പ്പിന്റെ മണമുള്ള വീടുകള്‍. നമ്മള് പിച്ച വച്ചു നടന്ന നടുമുറ്റം. കണ്ണുപൊത്തികളിച്ച ഇടനാഴി, പടിപ്പുര, പിന്നെ മാമ്പഴ പുളിശ്ശേരിയും ചോറും വാല്‍സല്യപൂര്‍വ്വം നാവിലേക്കു പകര്‍ന്നു തരുന്ന അടുക്കളയും ഊട്ടുപുരയുമൊക്കെ പഴമയെന്ന് ഒറ്റവാക്കില്‍ പറഞ്ഞ് പൊളിച്ചെറിയും മുമ്പ് ഒന്നാലോചിക്കുക. വീട് പുതുക്കി പണിയാനും സൂത്രവാക്യങ്ങളുണ്ട്. പുതിയ മേനിയുള്ള കോണ്‍ക്രീറ്റ് കൊട്ടാരങ്ങളെ വെല്ലുന്ന വീടാക്കി മാറ്റാനാകും പഴമയുടെ തേന്‍ചുരത്തുന്ന പഴയവീടുകളെ.
എവിടെ തുടങ്ങണം പഴയ വീടിന്റെ പഴക്കവും ആരോഗ്യവും നോക്കിയ ശേഷമേ പുതുക്കി പണിയാന്‍ ഇറങ്ങിപ്പുറപ്പെടാവൂ. 30 മുതല്‍ 40 വര്‍ഷം വരെ പഴക്കമുള്ള വീട് പുതുക്കിപ്പണിയാന്‍ സാധിക്കും. എന്നാല്‍ അടിത്തറ, ഭിത്തി, മേല്‍ക്കൂര എന്നിവയുടെ ബലവും ശക്തിയും പരിശോധിക്കുക. അതിനുശേഷം മാത്രം പ്ലാന്‍ തയാറാക്കുക.
ആവശ്യങ്ങള്‍ പ്രധാനം നമ്മളുടെ ആവശ്യങ്ങള്‍ എല്ലാം നിറവേറ്റാന്‍ കഴിയുന്ന തരത്തിലുള്ളതാകണം വീട്. അപ്പോള്‍ പുതുക്കി പണിയുന്ന വീടിനും നമ്മുടെ ആവശ്യം പരിഹരിക്കാന്‍ കഴിയണം. മുറികളുടെ എണ്ണം കൂട്ടുകയും കുറക്കുകയും ചെയ്യാം. പഴയ വീടുകളിലെ വലിപ്പം കുറഞ്ഞ മുറികള്‍ക്ക് പകരം വിശാലമായ ബാത്ത് അറ്റാച്ച്ഡ് മുറികള്‍ നിര്‍മിക്കാം.
ബജറ്റ് കൊക്കില്‍ ഒതുങ്ങുന്ന വീട് വെച്ചാലേ മനസ്സമാധാനത്തോടെ അവിടെ താമസിക്കാന്‍ സാധിക്കൂ. 2000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വീട് പുതുക്കിപ്പണിയാന്‍ അഞ്ച് ലക്ഷത്തിനുമുകളില്‍ വേണ്ടിവന്നാല്‍ സൂക്ഷിച്ചു വേണം ഉദ്യമത്തിനിറങ്ങാന്. അതിനാല്‍ ആദ്യം തന്നെ വീടിന്റെ അളവ് കണക്കാക്കുക. പുതുതായി നിര്‍മിക്കുന്ന വീടിന്റെ വലുപ്പം എത്ര വേണമെന്ന് കണക്കാക്കുകയും വേണം. വ്യക്തമായ പ്ലാന്‍ തയ്യാറാക്കുകയും വേണം. പൊളിക്കല്‍ മുതല്‍ അവസാന മിനുക്കുപണി വരെയുള്ള ചെലവ് കൃത്യമായി കണക്കാക്കുക.
പഴയ വീടിന്റെ വാതിലുകള്‍, ജനലുകള്‍, കല്ല്, മറ്റ് മര ഉരുപ്പടികള്‍ എന്നിവ വീണ്ടും ഉപയോഗിക്കാവുന്നതാണ്. അവ എങ്ങനെ പുതുമ നഷ്ടപ്പെടാതെ പഴമ നിലനിറുത്തി ഉപയോഗിക്കാം എന്ന് പ്ലാനില്‍ വ്യക്തമാക്കണം.
പഴയ വീട് നിലനിറുത്തി പുതുക്കിപ്പണിയുമ്പോള്‍ പണിക്കൂലി ഇരട്ടിയിലധികമാവും. അതുകൊണ്ട് ഓരോ ഘട്ടവും ശ്രദ്ധാപൂര്‍വ്വമേ പണിനടത്താവൂ. പൂതുക്കിപ്പണിയുമ്പോള് ഇഷ്ടിക, കമ്പി, പൈപ്പുകള്‍, ഓട്, തറയോട് എന്നിവ പഴയത് തന്നെ പരിഷ്കരിച്ച് ഉപയോഗിക്കാം.
നിലമൊരുക്കല്‍
പഴയ വീട് പൊളിച്ചുമാറ്റുകയാണെങ്കിലും പുതിയതിന്റേത് പോലൊരു നിലമൊരുക്കല്‍ നടത്താം. പരിസരപ്രദേശങ്ങള്‍ വൃത്തിയാക്കിയ ശേഷം മാത്രം പൊളിച്ചുതുടങ്ങുക. പൊളിക്കുമ്പോള്‍ ഉപയോഗിക്കേണ്ട സാധനങ്ങള്‍ കൃത്യമായി ഇളക്കിയെടുക്കണം. അവ തകരാറില്ലാതെ സൂക്ഷിക്കുകയും വേണം. ഇഷ്ടിക, ഓട്, വെട്ടുകല്ല്, കമ്പി, കട്ടിളകള്‍, ജനല്‍, വാതില്‍ എന്നിവ സൂക്ഷമതയോടെ ഇളക്കിവെക്കുക.
അടിത്തറ
പഴയവീടിന്റെ അടിത്തറ ചിലപ്പോള്‍ വെട്ടുകല്ലോ മറ്റോ കൊണ്ട് നിര്‍മിച്ചതാകാം. അങ്ങനെയെങ്കില്‍ അത് പുതുക്കിപ്പണിയുന്ന വീടിന്റെ ഉറപ്പിനെ ബാധിക്കും. അത് എന്‍ജിനീയറുമായി കൂടിയാലോചിച്ചുമാത്രം തീരുമാനിക്കുക.
ഭിത്തി
പഴയ വീടിന്റെ എല്ലാ മുറികളും നിലനിറുത്തുകയാണെങ്കില്‍ ഭിത്തിയുടെ കാര്യത്തില്‍ ചെറിയ മാറ്റങ്ങള്‍ മതിയാകും. മേല്‍ക്കൂര താങ്ങാന്‍ കഴിയുന്നതാവണം ഭിത്തി. കോണ്‍ക്രീറ്റ് ചെയ്യാനും മുകളില്‍ തീര്‍ച്ചയായും കോണ്‍ക്രീറ്റ് പില്ലര്‍ വാര്‍ക്കണം. അവ പഴയ ഭിത്തിയുടെ ബലക്ഷയത്തെ പരിഹരിച്ച് വീടിന് സുരക്ഷിതത്വം നല്‍കും. പഴയ കാലത്തെ കുമ്മായം കൊണ്ടുള്ള ഭിത്തിയാണെങ്കില്‍ സിമന്റ് തേപ്പാക്കുന്നത് ഈട് നില്ക്കാന് സഹായിക്കും.
മുറികള്‍
ചെറിയ മുറികളായിരിക്കും പഴയ വീടുകളില്‍ ഏറെയും. എന്നാല്‍, ധാരാളം ഉണ്ടാവുകയും ചെയ്യും. അങ്ങനെയെങ്കില്‍ ചെറിയ രണ്ട് മുറികള്‍ യോജിപ്പിച്ച് വലുതാക്കാം. ഒപ്പം ഡിസൈനും ഫാഷനും വ്യത്യാസപ്പെടുകയും ചെയ്യും. പഴയ കാലത്ത് ഭിത്തികളില്‍ അലമാരകളും മറ്റു ചിത്രപ്പണികളും ഉണ്ടായേക്കാം. അവ പൊളിച്ചുമാറ്റാതെ അനുയോജ്യമായ രീതിയില്‍ നിലനിറുത്തുകയാണ് വേണ്ടത്.
ജനലും വാതിലും
വാതിലും ജനലുമൊക്കെ പഴയ വീടുകളില്‍ ചെറുതായിരിക്കും. ഉയരം കുറഞ്ഞ വാതിലുകളുണ്ടാകും. ഇവ നല്ല മരപ്പണിക്കാരെകൊണ്ട് വലുതാക്കി ഉപയോഗിക്കാം. അല്ലാത്തവ ജനലുണ്ടാക്കാന് ഉപയോഗിക്കാം. പൂമുഖത്ത് വലിയ വാതിലുകള്‍ വേണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പഴയ വീടിന്റെ രണ്ട് വാതില്‍ പടികള്‍ ഉപയോഗിച്ച് വിശാലമായ വാതില്‍ നിര്‍മിക്കാം. എന്നാലും, പുതിയ കാലത്തെ ചെലവിനേക്കാള്‍ കുറവായിരിക്കും.
മേല്‍ക്കൂര പഴയ ഓട് മേല്‍ക്കൂര കോണ്‍ക്രീറ്റ് ആക്കാനാണ് മിക്കവരും താല്പര്യപ്പെടുക. അങ്ങനെയെങ്കില്‍ പഴയ ഓടുകള്‍ നിറംകൊടുത്ത് കോണ്‍ക്രീറ്റിന് മുകളില്‍ ഉപയോഗിക്കാം. തടിമേല്ക്കൂരയില് ഓട് പാകാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ചിതല് കയറാത്ത ഇനം തടികള്‍ ഉപയോഗിക്കുക.
നിലം പഴയ റെഡ് ഓക്സൈഡ്, മൊസൈക്ക്, തറയോട്, കുമ്മായം ചേര്‍ത്ത കോണ്‍ക്രീറ്റ് എന്നിവ ഇളക്കിമാറ്റാതെയും നിലം പുതുക്കിപ്പണിയാം. മൊസൈക്കാണെങ്കില് അത് വീണ്ടും പോളിഷ് ചെയ്താല്‍ ഏറെ കാലം നിലനില്ക്കും. റെഡ് ഓക്സൈഡ് തറയില്‍ ബലക്കുറവില്ലെങ്കില് നല്ല പെയിന്റുകള്‍ അടിച്ച് വര്‍ണാഭമാക്കാം. കൂടാതെ, ഫ്ളോറില്‍ ഒട്ടിക്കുന്ന മനോഹരമായ റെക്സിന് വിപണിയില്‍ ലഭ്യമാണ്. റെക്സിനുകള്‍ നല്ലരീതിയില്‍ ഒട്ടിക്കുകയും വൃത്തിയായി സൂക്ഷിക്കുകയും ചെയ്താല്‍ 10 വര്‍ഷം വരെ ഉപയോഗിക്കാം. അല്ലെങ്കില്‍ തറക്കുമുകളില്‍ നിരപ്പുണ്ടെങ്കില് പശതേച്ച് ടൈലുകളും ഗ്രാനൈറ്റും മാര്‍ബിളുമൊക്കെ ഒട്ടിക്കാം. അത് ബജറ്റിന്റെ ഏറ്റക്കുറച്ചില്‍ അനുസരിച്ച് തീരുമാനിക്കുക.
വയറിങ്, പ്ലംബിങ്
പുതുക്കിപ്പണിയുന്നവരെ വല്ലാതെ അലട്ടുന്ന ഒരു പ്രശ്നമാണ് പഴയ വയറിങ് പ്ലംബിങ് തുടങ്ങിയവ. പഴയ സ്വിച്ച്ബോര്‍ഡുകള്‍, ടാപ്പുകള്‍, പൈപ്പുകള്എന്നിവ കേടില്ലാത്തതാണെങ്കില് മാത്രം ഉപയോഗിക്കുക. നല്ല രീതിയില്‍ എര്‍ത്തിങ് നടത്തണം. അല്ലാത്ത പക്ഷം വൈദ്യുതിബില്ലും അപകടസാധ്യതയും കൂടും. വയറിങിന് പഴയ കാലത്ത് ഉപയോഗിച്ച ഒറ്റക്കമ്പി വയറുകളാണെങ്കില് അവ മാറ്റി നിലവാരമുള്ള വയറുകളും സുരക്ഷിതമുള്ള സ്വിച്ചുകളും ഉപയോഗിക്കണം.
അലങ്കാരം പെയിന്റിങ്, ഇന്റീരിയര്‍ ഡെക്കറേഷന് എന്നിവ പഴയ വീടിന്റെ തനിമ നിലനിറുത്തുന്നതാവണം. ഒപ്പം പുതുമ ഉണ്ടാക്കാനം ശ്രദ്ധിക്കണം.പഴയ ശില്പങ്ങള്, മണ്‍ഭരണികള്‍ എന്നിവ വീടിന്റെ പൂമുഖവും ഹാളുമൊക്കെ അലങ്കരിക്കാന്‍ ഉപയോഗിക്കാം. പുതിയത് വാങ്ങുന്നതിനേക്കാള്‍ പഴയവ മോടിപിടിപ്പിക്കുന്നതാണ് നല്ലത്.
ഫര്‍ണിച്ചര്‍ പെയിന്റോ വാര്‍ണിഷോ തേച്ച് ആകര്‍ഷകമാക്കാം. പഴയ സീറ്റ് കവറും അപ്ഹോള്‍സ്റ്ററിയും മാറ്റി പുതുമയുള്ളവ തയ്ച്ച് ഇട്ടാല്‍ സാമ്പത്തിക ലാഭത്തിനൊപ്പം പഴയ പ്രൗഢിയും ഫര്‍ണിച്ചറിന് കൈവരും
|